ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളുടെ രണ്ടാം ഘട്ടം ഈ ആഴ്ച ജനീവയിൽ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം. ഒമാന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഫെബ്രുവരി ആറിന് നടന്ന ഒന്നാം ഘട്ട പരോക്ഷ ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലായിരുന്നു ആദ്യ ചർച്ചകൾ. ഈ മാസം 16 മുതൽ 20 വരെയാണ് ചർച്ചകൾ നടക്കാൻ സാധ്യതയുള്ളത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഭരണകൂടവുമായി കരാറിലെത്തിയില്ലെങ്കിൽ അതിദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെയും യുഎസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ചർച്ചകൾക്കിടയിലും യുഎസ് സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ മിഡിൽ ഈസ്റ്റിലേക്ക് അയച്ചത് വലിയ വാർത്തയായിരുന്നു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം. എന്നാൽ തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും ഇത്തരമൊരു ഉപാധി അംഗീകരിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. കൂടാതെ ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നു.